2008, നവം 24

വയ്യാവേലി

മരുഭൂമിക്കു ഞാന്‍ വേലികെട്ടി..
അമ്പട ഞാനേ!!

2008, നവം 19

മതമില്ലെങ്കില്‍ ജീവന്‍ പോകുന്നതാരുടെ??

അതെ, പാഠപുസ്തക വിവാദത്തെപ്പറ്റിത്തന്നെ.ചില വൈകിയ ചിന്തകള്‍. ആറിത്തണുത്ത വിഷയമാണെങ്കിലും നമ്മുടെ കിണറ്റിനു പുറത്തു ജീവിക്കുന്ന ചില തവളകളെക്കുറിച്ചു വായിച്ചറിഞ്ഞപ്പോള്‍ ചിലതു കുറിക്കണമെന്നു തോന്നി.
ലോകരാജ്യങ്ങളിലെ സമാധാനനിലവരം താരതമ്യം ചെയ്യുന്നതിലേക്കായി ആഗോളതലത്തില്‍ തയ്യാറാക്കപ്പെടുന്ന പട്ടികയായ Global Peace Index ന്റെ പ്രഥമ പഠനമനുസരിച്ച് 2007 ലെ ഏറ്റവും സമാധാനപൂര്‍ണമായ രാജ്യം നോര്‍വേ ആണ്. ഈ രാജ്യത്തെക്കുറിച്ച് ശ്രദ്ധയില്‍പെട്ട കൌതുകകരമായി തോന്നിയേക്കാവുന്ന ചില വസ്തുതകളാണ് ഈ പോസ്റ്റിലേക്കു നയിച്ചത്. ഇവിടെ 83% നോര്‍വീജിയന്മാരും church of Norway ല്‍ പേരുചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ്. മറ്റു ക്രിസ്ത്യന്‍ സഭാ വിശ്വാസികള്‍ എല്ലാംകൂടി 4.5%. ഏറ്റവും പ്രബലമായ ക്രൈസ്തവേതര മതസമൂഹം ഇസ്ലാമാണ്. 1.5%. ഇവയൊന്നും കൂടാതെ ബുദ്ധ, ഹിന്ദു, ജൂദ തുടങ്ങിയ ചെറുമതസമൂഹങ്ങള്‍ വേറെയുമുണ്ട്‌. 1970 കളില്‍ പാക്കിസ്ഥാനില്‍നിന്നും കുടിയേറിയ തൊഴിലാളികള്‍ ഭൂരിപക്ഷമായ ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കു ബാങ്ക് മുഴക്കാനുള്ള അവകാശം (പള്ളിമണികള്‍ക്ക് ബാധകമായ നിയമത്തിന്റെ പരിധിയില്‍) അടുത്തകാലത്ത്‌ അനുവദിക്കപ്പെട്ടപ്പോള്‍ അധികൃതര്‍ വേറൊരു കിരാത നടപടി കൂടി സ്വീകരിച്ചു. Norwegian Heathen Society എന്ന യുക്തിവാദ സംഘടനക്ക് "ദൈവം നിലനില്‍ക്കുന്നില്ല " എന്ന് മൈക്ക് കെട്ടി വിളിച്ചു പറയാനുള്ള അവകാശം അനുവദിച്ചുകൊടുത്തു !!. യുക്തിവാദികള്‍ എങ്ങനെ ഈ പണി പറ്റിച്ചു എന്നറിയണമെങ്കില്‍ മറ്റൊരു കണക്കു കൂടി കാണണം. കുറെ ദശകങ്ങളായി യൂറോപ്യന്‍ കമ്മിഷന്റെ നേതൃത്വത്തില്‍ "eurobarometer" എന്നൊരു അഭിപ്രായ സര്‍വേ യൂറോപ്യന്‍ യുണിയന്‍ അംഗരാജ്യങ്ങള്ക്കിടയില്‍ നടന്നുവരുന്നുണ്ട്. നോര്‍വെയില്‍ 2005 ലെ കണക്കു പ്രകാരം ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പ്രതികരിച്ചവര്‍ 32% മാത്രം. ജീവനെ നിലനിര്‍ത്തുന്ന എന്തോ ഒരു ശക്തി ഉണ്ടായിരിക്കാമെന്ന് 47% പേര്‍ കരുതുന്നു. ഇനിയൊരു 17% ഒരു ദൈവത്തിലും വിശ്വസിക്കാത്ത, നരകത്തിലേക്ക് ടിക്കറ്റെടുത്തിരിക്കുന്ന മഹാപാപികളാണ്. "പള്ളിക്കാര്യം പള്ളീപ്പറഞ്ഞാമതി" (Separetion of Church and State) എന്ന മുദ്രാവാക്യവുമായി നടക്കുന്ന മുടിഞ്ഞ പുത്രന്മാരുടെ സംഘടനയായ Norwegian Humanist Association ലോകത്തിലെതന്നെ ഏറ്റവും പ്രബലമായ മതേതര humanist കൂട്ടായ്മകളിലൊന്നാണ്. അവിശ്വാസികളുടെ കണക്കെടുത്താല്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല എന്നു കാണാന്‍ കഴിയും. സ്വീഡനില്‍ 47% നിരീശ്വരവാദികളാണെന്ന് അടുത്തിടെ ഒരു കണക്കു കണ്ടു. അതായതു ആളുകള്‍ ചത്താല്‍ കുഴിച്ചിടാനുള്ള സൗകര്യം കൂടി സര്‍ക്കാര്‍ ചെയ്തു കൊടുത്താല്‍ നഷ്ടപരിഹാര വിതരണമേള പോപ്പിനു തുടരേണ്ടിവരില്ല എന്നര്‍ത്ഥം. ഇതൊക്കെയായിട്ടും ഇവിടങ്ങളില്‍ സമാധാനം തകരുന്നില്ല എന്നതാണ് ഭയങ്കരം. ബോംബും വടിവാളും തൃശ്ശൂലവുമില്ലാതെ സുഖിച്ചു കഴിയുന്നു കശ്മലന്മാര്‍. ഇവനൊക്കെ വേണ്ടി നരകത്തില്‍ വറചട്ടി ചൂടായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലേക്കു തിരികെ വരാം. മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗത്തിനെതിരെ മതമേലദ്ധ്യക്ഷന്മാര്‍ എന്ന പരാന്നഭോജികള്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ മറക്കാറായിട്ടില്ല. സ്വന്തം കഞ്ഞിയില്‍ പാറ്റ വീഴുന്ന കാര്യമായതുകൊണ്ട് തമ്മിലടിക്കു time out പ്രഖ്യാപിച്ച് എല്ലാ മതപ്രമാണിമാരും ഒത്തുകൂടിയത് എത്ര ചടുലമായാണ്. ഇവിടെ സ്ഥിരമായി വിസ്മരിക്കപ്പെടുന്ന ശബ്ദമില്ലാത്ത, എന്നാല്‍ ചെറുതല്ലാത്ത ഒരു സമൂഹമുണ്ട്‌. ഒരു ദൈവത്തിലും വിശ്വസിക്കാത്തവര്‍, അജ്ഞാതമായ ഏതോ ഒരു ശക്തി ഉണ്ടായിരിക്കാമെന്നും അതിനെ ഉപാസിച്ചിട്ടു കാര്യമൊന്നുമില്ലെന്നും കരുതുന്ന മറ്റു ചിലര്‍, കുടുംബത്തെ സ്നേഹിച്ചും സമൂഹത്തെ ബഹുമാനിച്ചും ജീവിക്കുന്നവനെ സ്വന്തം ദല്ലാളന്മാര്‍ക്ക് കപ്പം കൊടുത്തില്ല എന്നതിന്റെ പേരില്‍ വീടുകയറിത്തല്ലുവാന്മാത്രം ചെറുതല്ല ദൈവം എന്ന് വിശ്വസിക്കുന്നവര്‍, മഹാത്മജിയും മദര്‍ തെരേസയും ഒരുമിച്ചില്ലാത്ത സ്വര്‍ഗം തങ്ങള്‍ക്കുവേണ്ട എന്ന് കരുതുന്നവര്‍.... സാങ്കേതികമായി മാത്രം ഏതെങ്കിലും ഒരു മതത്തിന്റെ പരിധിയില്‍ വരുന്ന ഇക്കൂട്ടര്‍ സംഘടിതരല്ലാത്തതുകൊണ്ട് വികാരവുമില്ല വ്രണപ്പെടലുമില്ല. മതപ്രമാണിമാര്ക്കാണെങ്കില്‍ സദാ പഴുത്തളിഞ്ഞ് പുഴുവരിച്ചിരിക്കുന്ന ഒരവയവമാണ് മതവികാരം. ചെറുതായൊന്നു കാറ്റടിച്ചാല്‍പ്പോലും അതു കയറി വ്രണപ്പെട്ടുകളയും!.

ഒരു മനുഷ്യന്‍ നല്ലവനോ കെട്ടവനോ ആകുന്നതിനു ദൈവവിശ്വാസം മാനദണ്ഡമല്ലതന്നെ. Secular Humanists എന്നോ Implicit Atheists എന്നോ വിളിക്കാവുന്നവരാണ് നമ്മുടെ നാട്ടില്‍ വലിയൊരു വിഭാഗവും. എന്ന് മാത്രമല്ല, രാജ്യത്തെ മതസൌഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ ഇവര്‍ക്ക് വളരെ വലിയ പങ്കുമുണ്ട്. ലോകത്ത് എത്രയോ വികസിത രാജ്യങ്ങളില്‍ ഹ്യൂമാനിസ്ടുകള്‍ക്ക് മറ്റു മതങ്ങള്‍ക്കു തുല്യമായ സ്ഥാനം അനുവദിക്കപ്പെട്ടിട്ടുണ്ട് എന്നും അറിയുക. എല്ലാ വിശ്വാസപ്രമാണങ്ങള്‍ക്കും പൂര്‍ണമായ പരസ്പരബഹുമാനത്തോടുകൂടി കഴിഞ്ഞുകൂടാനുള്ള ഇടം ഇല്ലാതാകുന്നത് ഇന്ത്യ പോലൊരു രാജ്യത്തിന്‌ താങ്ങാനാകില്ല. പുരപ്പുറത്തു മൈക്ക് കെട്ടി ദൈവത്തെ വെല്ലുവിളിക്കാനുള്ള അനുവാദം വേണ്ട, മതമില്ലാതെ ജീവിക്കാന്‍ ഭരണഘടന നല്കുന്ന അവകാശത്തെക്കുറിച്ച് നമ്മുടെ കുട്ടികള്‍ അറിഞ്ഞിരിക്കണ്ടേ? എബ്രഹാം ലിങ്കണും ബര്‍ണാട്ഷായും നെപ്പോളിയനും ഐന്സ്റ്റൈനും എഡിസണും നെഹ്രുവും ഭഗത്സിങ്ങും പെരിയാറും മറ്റും മതത്തെക്കുറിച്ചു ചിന്തിച്ചിരുന്നതെന്താണെന്ന് നമ്മുടെ കുട്ടികള്‍ അറിയണ്ടേ. ഇവിടെ ഒരു മതേതരവാദിയും തന്റെ വിശ്വാസത്തിന്റെ പേരില്‍ വടിവാളും ത്രിശ്ശൂലവുമായി തെരുവിലിറങ്ങാറില്ല, റേഷന്‍ വാങ്ങാന്‍ പോകുന്ന പാവപ്പെട്ടവനെ ട്രാഫിക് ഐലന്റില്‍ കയറി നിന്നു "പാപിയേ" എന്നു വിളിക്കാറില്ല, കാവിയുടെ മറവില്‍ ഹോമാകുണ്ഠങ്ങള്‍ക്ക് മുന്നിലിട്ട് അമ്മപെങ്ങന്മാരെ പീഡിപ്പിക്കാറില്ല, സന്യസിനികളെ കടിച്ചുകീറി കിണറ്റിലെറിയാറില്ല, അന്നത്തെ വിയര്‍പ്പിന്റെ വില കൊണ്ട് അരി വാങ്ങാന്‍ ക്യൂ നില്ക്കുന്ന പാവപ്പെട്ടവന്റെ ആസനത്തില്‍ മൊബൈല്‍ ബോംബ് പോട്ടിക്കാറില്ല... . എന്നിട്ടും മതേതര വാദികള്‍ വെറുക്കപ്പെട്ടവര്‍.

പാവപ്പെട്ട വിശ്വാസികളെ തമ്മിലടിപ്പിച്ച് ചോരകുടിച്ചു വീര്‍ത്ത മതമേലധ്യക്ഷന്മാര്‍ ഒരു പരസ്പരസഹായ സഹകരണസംഘമാണ് നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. ബിന്‍ ലാദന്റെ ഏറ്റവുമടുത്ത സുഹൃത്ത് നരേന്ദ്രമോദിയല്ലാതെ മറ്റാരാണ്‌ ? തോമ്മനില്ലാതെ ചാണ്ടിയില്ലല്ലോ. പുസ്തകവിവാദത്തില്‍ തോളോടുതോള്‍ നിന്നു പൊരുതിയ ചില വേഷങ്ങളെ പിന്നീടുകണ്ടത്‌ തികച്ചും വ്യതസ്തമായ ഒരു ഫ്രെയ്മിലാണ്. ഒറിസയിലെ ചോരക്കൊതി പൂണ്ട കാവിപ്പിശാചുക്കളുടെ ത്രിശൂലമുനയില്നിന്നും അനങ്ങാത്തടിയും രക്ഷിച്ചെടുത്ത്‌ വനാന്തരങ്ങളില്‍ ഓടിക്കയറിയ പാതിരിമാര്‍ക്ക് കേരളത്തില്‍നിന്നുള്ള പിതാക്കന്മാരുടെ ശുപാര്‍ശക്കത്തുകളൊന്നും രക്ഷക്കുതകിയില്ല. കൊണ്ടാലും പഠിക്കാത്ത ഇക്കൂട്ടര്‍ കേരളത്തില്‍ സമാധാനം കൊണ്ടുവരാനായി നരേന്ദ്രമോഡിക്കു ജയ് വിളിക്കുന്ന പരിവാര കൊട്ടേഷന്‍ ഗുണ്ടാ സംഘങ്ങളുമായി വട്ടമേശസമ്മേളനം നടത്തി. പഴയ സിനിമകളില്‍ കൊള്ളത്തലവന്‍ ജോസ് പ്രകാശിന്റെ നേതൃത്വത്തില്‍ regional ദാദമാര്‍ ബിസിനസ്സ് മീറ്റിങ്ങുകള്‍ക്കായി ഒത്തുചേരുന്നതിനെ അനുസ്മരിപ്പിച്ചു ഇത്. ചോരക്കൊതിയന്മാരായ പരിവാരനേതാക്കളെ മുറ്റത്തുകണ്ടാല്‍ ചൂലെടുത്തടിക്കുന്നവരാണ് നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളുമെന്ന് ആര്‍ക്കാണറിയാത്തത്. പരിവാരത്തിന്റെ അക്രമിസംഘങ്ങള്‍ക്ക് സ്വന്തം സമുദായത്തിലില്ലാത്ത അംഗീകാരം സഭയുടെ ചിലവില്‍ ഒപ്പിച്ചുകൊടുക്കുവാനുള്ള ശ്രമമാണ് ഇവിടെക്കണ്ടത്. ഹൈന്ദവനേതാക്കളാണത്രെ.. ത്ഫൂ..

മതമില്ലെങ്കില്‍ ജീവന്‍ പോകുന്ന ഒരു വര്‍ഗമെയുള്ളു. അത് മതം വിറ്റു ജീവിക്കുന്നവര്‍ തന്നെ. സഹിഷ്ണുത എന്നത് വിശാലമായ തലങ്ങളുള്ള എത്ര മനോഹരമായ പദമാണ്. മതമുള്ളവരും ഇല്ലാത്തവരുമൊക്കെ തുല്യ അവകാശങ്ങളോടെ മനുഷ്യരായി ജീവിക്കട്ടെ. ദല്ലാളന്മാരുടെ സഹായമില്ലാതെ നേരിട്ടു ദൈവവുമായി സംവദിക്കാന്‍ പറ്റുന്ന നല്ല നാളെക്കായി വിശ്വാസികള്‍ക്കു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

Followers

എന്നേക്കുറിച്ച്

എന്റെ ഫോട്ടോ
ഷാര്‍ജയില്‍ അടുപ്പ് കൂട്ടി, ദുബായില്‍ ജോലി ചെയ്യുന്നു. സ്വന്തം വീടിന്‍റെ ആധാരം തൊടുപുഴയിലാണ്. ബ്ലോഗില്‍ ചുമ്മാതിങ്ങനെ..

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP