ഇന്നത്തെ (09/04/2009) മാതൃഭൂമി വാര്‍ത്ത കാണുക.
ഹൊ! ഫയങ്കരം! ഒരു ദേശീയ നേതാവിനെ ഇങ്ങനെയും പീഡിപ്പിക്കാമോ. രാഷ്ട്രത്തിലെ സകല മാക്രി പോക്രി മനുഷ്യക്കോലങ്ങളേയും കഴുകനും ചെന്നായക്കും കൊടുക്കാതെ സംരക്ഷിച്ചും സമയാസമയങ്ങളില്‍ ഫീഡിങ്സും ടച്ചിങ്സും തരപ്പെടുത്തിക്കൊടുത്തും കഷ്ടപ്പെട്ടു ഭരിക്കുന്ന ദേശനേതാക്കളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ എന്നാണു നമ്മള്‍ പഠിക്കുക? നമ്മുടെ നേതാക്കളുടെ മനസ്സു മാത്രമല്ല ശരീരവും വെണ്ണ പോലെയാണെന്ന് അറിയാവുന്നതല്ലേ. 24 മണിക്കൂറും ശീതീകരിച്ചു സൂക്ഷിക്കേണ്ട വിശേഷ സൃഷ്ടി! ഒരു ഗ്രാം വെണ്ണയെങ്കിലും ഉരുകിയൊലിച്ചാല്‍, ചെറുതായൊരു ഇളക്കമോ ചളുക്കോ പറ്റിയാല്‍ ദേശീയ നഷ്ടമാകും. അങ്ങനെയുള്ള ഒരു മുതലിനാണ് 45 മിനിറ്റ് "സമീപമുള്ള എന്‍.സി.സി. ഓഫീസിന്റെ സാധാരണ മുറിയില്‍ കനത്ത മീനച്ചൂടില്‍" കഴിച്ചു കൂട്ടേണ്ടി വന്നത്.
ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തവനും പ്രസിദ്ധീകരിച്ചവനും നല്ല നമസ്ക്കാരം. രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി "ഞാന്‍ അടിമയാണ്" എന്ന് നൂറ്റൊന്നുരുവിട്ടുറപ്പിച്ച് തൂലികയുമെടുത്തിറങ്ങുന്നവന്‍ പടച്ചുവിടുന്ന അക്ഷരങ്ങളോരോന്നും അടിമത്ത ബോധത്തിന്റെ വിളംബര പത്രങ്ങളാകുന്നു. എന്താണ് ഈ വാര്‍ത്തയുടെ പ്രസക്തി? സോണിയയുടെ കാര്യപരിപാടികളില്‍ മുന്‍കൂട്ടി നിശ്ചയിച്ചതിനു വിരുദ്ധമായി എന്തെങ്കിലും മാറ്റമുണ്ടായതായി വാര്‍ത്ത പറയുന്നില്ല. രാജ്യത്തെ 95 ശതമാനമെങ്കിലും പ്രജകള്‍ക്കും അപ്രാപ്യമായതും ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തതുമായ ശീതീകരണ യന്ത്രത്തിന്റെ കുളിര്, 45 മിനിറ്റ് നേരത്തേക്ക് സോണിയക്കു നഷ്മായതിലാണ് പത്രത്തിന് നെഞ്ചെരിച്ചില്‍. പിന്നെ ഭക്ഷണത്തിന്റെ കാര്യം. മാഡത്തിനെ പട്ടിണിക്കിടാന്‍ വേണ്ടി സുരക്ഷാ സൈനികര്‍ അതിഭയങ്കര ഗൂഡാലോചന നടത്തി എന്നാണോ വായനക്കാര്‍ മനസ്സിലാക്കേണ്ടത്? "ങീ.. ഇക്ക് ബിക്കറ്റ് വേണം.." എന്ന് ചിണുങ്ങിക്കരഞ്ഞ് കമാണ്ടോകളുടെ പിന്നാലെ ചുറ്റിത്തിരിയുന്ന മാഡത്തിന്റെ ഒരു ക്ലോസപ്പ് ഫോട്ടോ കൂടെ ചേര്‍ക്കേണ്ടിയിരുന്നു.
മറ്റൊരു വാചകം നോക്കൂ.
"ഒപ്പമുണ്ടായിരുന്ന രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ഒന്നും ചെയ്യാനാകാതെ എന്‍.സി.സി. ഓഫീസില്‍ തന്നെ ചെലവഴിച്ചു."
അല്പം കൂടി മസാല ആകാമായിരുന്നു.
"ഉമ്മന്‍ ചാണ്ടി വികാരവിക്ഷോഭത്തോടെ വരാന്തയില്‍ ഉലാത്തി", "ചെന്നിത്തല ഭിത്തിയില്‍ മുഖമമര്‍ത്തി വിതുമ്പി" എന്നും കൂടി വേണ്ടിയിരുന്നു.
മഗ്സാസെ അവാര്‍ഡ് കൊടുക്കേണ്ട മാധ്യമ പ്രവര്‍ത്തനം!