ഹാരിസിന്റെ കവിതക്കായി ഒരു വിഷ്വല്‍
ഒട്ടൊന്നമ്പരന്നുവോ ഹൃത്തടം,
ഉദ്ദൃതമാം ശിരസല്പം താണുവോ,
സ്വയം മറന്നൊരുവേള
മുഗ്ധലീനനായ് നിന്നുവോ,
നിറച്ചമയമാര്‍ന്നൊരീ
ഉത്സവക്കാഴ്ച്ചയില്‍...!
നഷ്ട്ടസാരള്യ വസന്തസ്മൃതികള്‍,
പൂത്തുലയുമ്പൊഴേ
പട്ട് പോയ മുളങ്കാടുകള്‍,
പാടാനാവാതെ പോയ
സ്നേഹഗീതങ്ങളാം
കൊഴിഞ്ഞ പൂവുകള്‍,
ആത്മാവിന്റെ ആദിമമായ ഏകാന്തത,
ആഴത്തിലുള്ള ദുഖാനുഭവങ്ങള്‍.
ഉരുകിയൊലിച്ചേ പോകും
മനുഷ്യാഹങ്കാരങ്ങള്‍,
തകര്‍ന്നു മറഞ്ഞ സംസ്കൃതികള്‍,
അടിമകളായ് പിറന്നു മരിച്ച പൂര്‍വ്വികര്‍,
ഇന്നലെപ്പെറ്റകുഞ്ഞിനും
വിലയിട്ടു വിറ്റ വണിയ്ക്കുകള്‍,
വര്‍ത്തകപ്രമാണിമാര്‍,
ദൈവാവതാരങ്ങള്‍,
അശ്വമേധങ്ങള്‍, ആര്‍ത്തനാദങ്ങള്‍,
ചോര ചാലിച്ച കൊടിക്കൂറകള്‍,
വംശാഹങ്കാരങ്ങള്‍ ഊതിയണച്ച
ഗോത്രച്ചിരാതുകള്‍,
കബന്ധനിബിഡമാം പുണ്ണ്യനദികള്‍,
മരണം വിതച്ചെത്തും ആകാശപക്ഷികള്‍.
ഒക്കെയും മറന്നിവിടെ
ഒട്ടു നില്‍ക്കട്ടെയേകനായ്,
പുല്‍ക്കൊടിത്തുമ്പിനു പോലും
പൂര്‍ണ്ണതയേകിയ
പ്രപഞ്ചപ്രണയസാരസ്യമേ,
എന്നും നിന്നിലേയ്ക്കേ മടങ്ങുന്നു
മനുഷ്യന്‍, നിനയ്ക്കു വന്ദനം.
ഹാരിസിന്റെ കവിത
ലവന്റെ പടം മുയ്മനോടെ താഴെ
ആദിദ്രാവിഡന്‍
___________________
ഹാരിസിനോട് ആവശ്യപ്പെട്ടത് ചിത്രത്തോട് കൂട്ടി വെയ്ക്കാന്‍ ചില വരികള്‍.
കിട്ടിയപ്പോള്‍ ബോദ്ധ്യമായത് ചിത്രത്തേക്കാള്‍ മിഴിവ് കവിതക്കെന്ന്.